Monday, 4 June 2012

പ്രകൃതിയെ സ്‌നേഹിക്കാം സംരക്ഷിക്കാം

അമിതമായ പ്രകൃതിചൂഷണത്തിന്റെ ദുഷ്ഫലങ്ങള്‍ ആഗോളസമൂഹം അനുഭവിച്ചുകൊണ്ടിരിക്കെ, ലോകമെങ്ങും ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണമെന്നാല്‍ അതിനെ നശിപ്പിക്കാതിരിക്കലാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അത് കഴിയുന്നത്ര പ്രകൃതിയോടിണങ്ങിയുള്ള ജീവനം തന്നെ. ദൗര്‍ഭാഗ്യവശാല്‍, ഭൗതിക നേട്ടങ്ങളുടെയും വികസനത്തിന്റെയും പേരില്‍ മനുഷ്യര്‍ പ്രകൃതിയോട് പിണങ്ങാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. പ്രകൃതിവിഭവങ്ങള്‍ ഒരിക്കലും തീരില്ലെന്ന ധാരണയില്‍ പരമാവധി കവര്‍ന്നെടുക്കാന്‍ പലരും തുനിയുന്നതാണ് പിന്നീട് കണ്ടത്. മനുഷ്യന്റെ ന്യായമായ ആവശ്യങ്ങള്‍ പ്രകൃതി നിറവേറ്റും. അത്യാര്‍ത്തി പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കും. പ്രകൃതി സ്‌നേഹികളുടെയും പരിസ്ഥിതി വിദഗ്ധരുടെയും ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ ആദ്യകാലത്ത് പരക്കെ അവഗണിക്കപ്പെട്ടു. എന്നാല്‍ വിദഗ്ധരും മറ്റും മുന്‍പ് ചൂണ്ടിക്കാണിച്ചതെല്ലാം യാഥാര്‍ഥ്യമായപ്പോഴാണ് ഭരണകൂടങ്ങളും സമൂഹവും തങ്ങള്‍ ചെയ്തു വന്നതെന്തെന്ന് തിരിച്ചറിഞ്ഞത്. ശുദ്ധജലക്ഷാമം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, കൃഷിപ്പിഴ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ വിഷമിക്കുന്ന പല രാജ്യങ്ങളും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിത്തുടങ്ങിയിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടനപോലുള്ള അന്താരാഷ്ട്ര സമിതികളും ഇക്കാര്യത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സാര്‍ഥകമായ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുകളായി ഈ തിരിച്ചറിവിനെ കാണാം.

ദൂരക്കാഴ്ചയില്ലാത്ത പദ്ധതികളും മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗവും ഇന്ത്യയിലുണ്ടാക്കിയ പാരിസ്ഥിതികാഘാതം വലുതാണ്. ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം ഇന്ത്യയും കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണെന്ന് ഇന്റര്‍നാഷണല്‍ വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനത്തില്‍ പറയുന്നു. നാശത്തിലേക്കു നീങ്ങുന്ന ലോകത്തെ പത്ത് പ്രമുഖ നദികളില്‍ ഗംഗയും ഉള്‍പ്പെടുന്നു. രാജ്യത്തെ മറ്റു പല പ്രധാനനദികളും മലിനീകരണം മൂലം ശോചനീയമായ സ്ഥിതിയിലാണ്. വനങ്ങള്‍ പലേടത്തും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. ഭൂമിയില്‍ പ്രകൃതി ഒരുക്കിയ നിമ്‌നോന്നതങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇല്ലാതാക്കുന്നു. പുകയും ആരോഗ്യത്തിന് ഹാനികരമായ വാതകങ്ങളും കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ഇങ്ങനെ പ്രകൃതി ചൂഷണവും മണ്ണിലും വെള്ളത്തിലും വായുവിലും ഉണ്ടാക്കുന്ന മലിനീകരണവും പരിസ്ഥിതി സന്തുലനത്തെയും ആവാസവ്യവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 

പാരിസ്ഥിതിക പഠനം നടത്താതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വനനശീകരണവും മണല്‍ക്കൊള്ളയും മറ്റുമാണ് കേരളത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്തത്. നദികളും മറ്റ് പൊതു ജലാശയങ്ങളും മലിനമായതോടെ പലേടത്തും കുടിവെള്ളക്ഷാമം സാധാരണമായി. മാലിന്യം നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മാത്രമല്ല, 




വനങ്ങളിലും കുഴപ്പമുണ്ടാക്കുന്നു. വാഴച്ചാല്‍ വനമേഖലയില്‍ സഞ്ചാരികള്‍ വലിച്ചെറിയുന്ന കുപ്പികളടക്കമുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ തിന്ന് മാനുകളും കുരങ്ങുകളും മറ്റും വയര്‍ പൊട്ടി ചാകുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിക്കുന്നതും ചതുപ്പുകള്‍ നികത്തുന്നതും തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതും ഇവിടത്തെ പ്രകൃതിയെ ഞെരുക്കുകയാണ.് ഇവയ്‌ക്കെല്ലാമെതിരായ പ്രചാരണവും പ്രവര്‍ത്തനവും അടുത്തകാലത്ത് കൂടുതല്‍ ഊര്‍ജിതമായിരിക്കുന്നു എന്നതാണ് ഈ ഘട്ടത്തില്‍ ആശ്വാസമേകുന്നത്.ആഗോള താപനത്തിന് മരമാണ് മറുപടി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മരങ്ങള്‍ നട്ടു വളര്‍ത്താന്‍ പരിസ്ഥിതി സംരക്ഷണ സംഘടനകളും മറ്റും മുന്നോട്ടു വരുന്നുണ്ട്. വിദ്യാര്‍ഥികളില്‍ പ്രകൃതിസംരക്ഷണം ഒരു ശീലമായി വളര്‍ത്താന്‍ ലക്ഷ്യമിട്ട് 'മാതൃഭൂമി' സ്‌കൂളുകള്‍ തോറും നടപ്പാക്കുന്ന 'സീഡ്' പദ്ധതി അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകാരം നേടിക്കഴിഞ്ഞു. അത്യാര്‍ത്തിക്കാര്‍ ശുഷ്‌കമാക്കിക്കൊണ്ടിരിക്കുന്ന ഈ ഭൂമിയെ വീണ്ടും പച്ച അണിയിക്കാന്‍ തങ്ങള്‍ക്കാവുമെന്നാണ് ഇതിലൂടെ വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കും ഇതൊരു പാഠമാണ്. പരിസ്ഥിതിസംരക്ഷണത്തില്‍ ഭരണകൂടങ്ങള്‍ക്കും സംഘടനങ്ങള്‍ക്കും മാത്രമല്ല ഓരോ വ്യക്തിക്കും പങ്കുവഹിക്കാനാവും. എല്ലാവരും അത് നിറവേറ്റുമ്പോഴാണ് പരിസ്ഥിതിദിനാചരണം അര്‍ഥവത്താകുക.  

No comments:

Post a Comment