1000 കിലോഗ്രാം ഭാരമുള്ള മേഘ-ട്രോപിസ്‌കിനു പുറമെ ചെെൈന്നയിലെ എസ്.ആര്‍.എം. സര്‍വകലാശാല, ഐ.ഐ.ടി. കാണ്‍പൂര്‍, ലക്‌സംബര്‍ഗിലെ ലക്‌സ് സ്‌പെയ്‌സ് എന്നിവ നിര്‍മിച്ച മൂന്ന് ചെറിയ പഠനോപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു. ഈ മൂന്ന് ഉപഗ്രഹങ്ങള്‍ക്കും കൂടി 46.2 കിലോഗ്രാം ഭാരമാണുള്ളത്.
ഭൂമിയില്‍ നിന്ന് 865 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് മേഘ-ട്രോപിക്‌സിനെ പി.എസ്.എല്‍.വി-സി18 എത്തിച്ചത്. 867 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമായിരുന്നു ലക്ഷ്യമെന്നും രണ്ടു കിലോമീറ്ററിന്റെ വ്യത്യാസം മാത്രമേ ഇക്കാര്യത്തില്‍ വന്നുള്ളൂവെന്നത് വിക്ഷേപണത്തിന്റെ കൃത്യതയാണ് സൂചിപ്പിക്കുന്നതെന്നും ഡോ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും സംയുക്ത സംരംഭമാണ് മേഘ ട്രോപിക്‌സ്. ഈ ഗണത്തില്‍പ്പെട്ട ഉപഗ്രഹത്തിന്റെ വിക്ഷേപണം ലോകത്തുതന്നെ രണ്ടാമത്തെയാണെന്ന് അധികൃതര്‍ അറിയിച്ചു. വര്‍ഷപാതത്തെക്കുറിച്ച് പഠിക്കാന്‍ 1997-ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും സംയുക്തമായി നടത്തിയ ടി.ആര്‍.എം.എം. ദൗത്യമാണ് ആദ്യത്തേത്.
ഐ.എസ്.ആര്‍.ഒ.യും ഫ്രഞ്ച് ബഹിരാകാശ ഗവേഷണ സ്ഥാപനമായ സി.എന്‍.ഇ.എസും സംയുക്തമായി വികസിപ്പിച്ചെടുത്ത മേഘ-ട്രോപിക്‌സില്‍ മുഖ്യമായും നാല് ശാസ്ത്രീയ ഉപകരണങ്ങളാണുള്ളത്. ഇതില്‍ 'മദ്രാസ്'മഴയുടെയും മേഘങ്ങളുടെയും ഗതിവിഗതികളും 'സഫിര്‍' ഈര്‍പ്പത്തിന്റെ ഉള്ളുകള്ളികളും 'സ്‌കറാബ്'ഊര്‍ജ വ്യതിയാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കും. നാലാമത്തെ ഉപകരണമായ ജി.പി.എസ്. റിസീവര്‍ താപനിലയുടെയും മറ്റും വിശദാംശങ്ങള്‍ നല്‍കും. ഇറ്റലിയിലാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തതെന്ന് ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു.
മഴമേഘങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനത്തിലൂടെ കാലവര്‍ഷവും ചുഴലിക്കൊടുങ്കാറ്റുകളുമൊക്കെ കുറെക്കൂടി കൃത്യതയോടെ പ്രവചിക്കാനാവുമെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ താപനിലയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ദിവസത്തില്‍ മൂന്ന് തവണയെങ്കിലും മേഘ നിരീക്ഷിക്കും. അഞ്ച് കൊല്ലമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ് കണക്കാക്കുന്നത്.
1997ലാണ് സി.എന്‍.ഇ.എസും ഐ.എസ്.ആര്‍.ഒ.യും മേഘ-ട്രോപിക്‌സിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ഡോ. കെ. കസ്തൂരിരംഗനും പ്രൊഫ. നരസിംഹയുമായിരുന്നു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. മേഘയുടെ വിക്ഷേപണത്തിനായി ഐ.എസ്.ആര്‍.ഒ. 86 കോടി രൂപയാണ് ചെലവഴിച്ചത്. സി.എന്‍.ഇ.എസും 86 കോടി രൂപ ചെലവിട്ടു. വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി.സി-18ന് 90 കോടി രൂപയാണ് നിര്‍മാണ ച്ചെലവ്.
പി.എസ്.എല്‍.വി-സി 18 പ്രൊജക്ട് ഡയറക്ടര്‍ കെ. കുഞ്ഞികൃഷ്ണന്‍, മേഘ-ട്രോപിക്‌സ് പ്രൊജക്ട് ഡയറക്ടര്‍ ജി. രാജു, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എം.ജി.കെ. മേനോന്‍ തുടങ്ങിയവര്‍ വിക്ഷേപണവേളയില്‍ സന്നിഹിതരായിരുന്നു.
No comments:
Post a Comment