ഒറ്റ ദിവസംകൊണ്ട് നമ്മുടെ നാട്ടില്‍ ആര്‍ക്കും ദിവ്യനാവാം. ദിവ്യനെന്നാല്‍ എല്ലാമറിയുന്നവന്‍; എല്ലാത്തിനും പരിഹാരം കാണുന്നവന്‍. പതിറ്റാണ്ടുകള്‍ തപസ്സിരുന്ന്, പുരാതന താളിയോലകള്‍ വായിച്ചുപഠിച്ച് കിട്ടിയ ദിവ്യത്വമൊന്നുമല്ല. എല്ലാം വസ്ത്രാലങ്കാരത്തിന്റെ മിടുക്ക്. ഒരു ദിവ്യനെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഘട്ടങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
1. അടിസ്ഥാന യോഗ്യത: ജ്യോതിഷം, മഷിനോട്ടം, ഹസ്തരേഖാ'ശാസ്ത്രം' തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നില്‍ എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കുക. ചില ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിച്ചിരിക്കണം. നല്ല വാഗ്ചാതുരിയാണ് മറ്റൊരു വിശേഷമായി വേണ്ടത്. ആകര്‍ഷകമായി സംസാരിച്ച് ഇരകളെ വിട്ടുപോകാതിരിക്കാന്‍ പ്രേരിപ്പിക്കണം. 'ഫീസ്' ചോദിക്കാതെ 'ദക്ഷിണ' വാങ്ങാന്‍ കഴിയണം.
2. വസ്ത്രാലങ്കാരം: സാഹചര്യത്തിനനുസരിച്ച് ഇതില്‍ വ്യത്യാസം വരും. ചിലയിടത്ത് ചുവന്ന പട്ട്, ചന്ദനക്കുറി, ജട, നീണ്ടതാടി എന്നിങ്ങനെ. മറ്റു ചിലര്‍ക്ക് ശുഭ്രവസ്ത്രം, ഭസ്മക്കുറി, മുണ്ഡനം ചെയ്ത തല, ക്ലീന്‍ ഷേവ്. മുറുക്കിച്ചുവപ്പിച്ചും കണ്ണില്‍ മഷിയെഴുതിയും പരിവേഷം വര്‍ധിപ്പിക്കുന്നവരുണ്ട്. വേഷത്തിന്റെ പ്രാധാന്യമറിയണമെങ്കില്‍ സന്തോഷ് മാധവന്‍ പിടിയിലാകുന്നതിന് മുമ്പും പിമ്പും ഉള്ള ചിത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.ജടയുള്ള ദിവ്യന്മാര്‍ക്ക് ഡിമാന്‍ഡ് കൂടും. ഇതുണ്ടാക്കാന്‍ വര്‍ഷങ്ങളോളം കുളിക്കാതെ, മുടി വെട്ടാതെ കഴിയണമെന്നില്ല. നാലു ദിവസം തല നനയ്ക്കാതെ ബോംബെ വരെ ചെന്നാല്‍ മതി. 150 രൂപ കൊടുത്താല്‍ ഒരു മണിക്കൂര്‍കൊണ്ട് ജട ഫിക്‌സ് ചെയ്തുതരുന്ന കേന്ദ്രങ്ങളുണ്ട്. 'ജട ഫിക്‌സിങ്' ലളിതമാണെന്നര്‍ഥം.
3. ഏജന്റ് അഥവാ ഡീലര്‍: മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടെങ്കിലും ശരിയായ മാര്‍ക്കറ്റിങ് ഇല്ലെങ്കില്‍ മേല്‍ഗതി ഉണ്ടാവില്ല. ഇവിടെയാണ് ഡീലറുടെ ആവശ്യം. ചില ആരാധനാലയങ്ങളോടു ചേര്‍ന്നാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം.തൃശ്ശൂരിലെ ഒരു ജ്യോതിഷിയുടെ അടുത്തേക്ക് തൃപ്രയാറില്‍നിന്നുള്ള നാലഞ്ചാളുകള്‍ വന്നത് ഈയിടെയാണ്. അവിടെയുള്ള ഒരു ഇടത്തരം ക്ഷേത്രത്തിന്റെ ആളുകളാണ്. അവരുടെ 'സ്വാമി'യാവാനായിരുന്നു ക്ഷണം. ഇപ്പോള്‍ ധാരാളം തമിഴ്‌നാട്ടുകാര്‍ ഇവിടേക്ക് വരുന്നുണ്ട്. അവര്‍ക്കുവേണ്ടിയാണ് പുതിയ നീക്കം. വഴിപാടുകളായി കിട്ടുന്ന പണത്തെക്കാള്‍ പതിന്മടങ്ങായിരിക്കും 'സ്വാമി'യുണ്ടെങ്കില്‍ കിട്ടുക എന്നതാണ് ഇതിന്റെ സാമ്പത്തിക രഹസ്യം.
ദിവ്യന്മാര്‍ക്കും സ്വാമിമാര്‍ക്കും ഡിമാന്‍ഡ് കൂടുമ്പോള്‍ അവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നത് സ്വാഭാവികം.
നിനച്ചിരിക്കാത്ത സന്ദര്‍ഭങ്ങളിലാണ് ചില സ്വാമിമാരുടെ ജനനവും അവതാരവും. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ ആധ്യാത്മിക ലോകത്തെത്തപ്പെട്ട വഴി നോക്കുക. ആള്‍ ഗള്‍ഫില്‍നിന്നുവന്ന് വധുവിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. തിരിച്ച് വീട്ടിലേയ്ക്ക് വരുന്ന വഴി ബസ്സില്‍ വലിയ തിരക്ക്. കണ്ടക്ടര്‍ ഒരു കാവിയുടുത്ത ആളുമായി തര്‍ക്കിക്കുകയാണ്. സ്വാമി ടിക്കറ്റെടുത്തില്ലെന്ന് കണ്ടക്ടര്‍. എടുത്തെന്ന് സ്വാമി. ആളുടെ കയ്യില്‍ ഒരു രുദ്രാക്ഷമാലയുമുണ്ട്. രംഗം വീക്ഷിച്ച നമ്മുടെ ഗള്‍ഫുകാരന്‍ പ്രശ്‌നത്തിലിടപെട്ടു. സ്വാമിയുടെ ടിക്കറ്റ് അയാള്‍ നല്‍കി. സ്വാമി കയ്യിലിരിക്കുന്ന മാല തത്കാലം പിടിക്കാന്‍ ഇയാളെ ഏല്‍പ്പിക്കുകയും ചെയ്തു. ബസ്സ് കുറേ ദൂരം യാത്ര ചെയ്തശേഷം തിരക്കില്‍ കാവിയുടുത്തയാള്‍ എവിടെയോ ഇറങ്ങി. കുറച്ച് സമയത്തിനുശേഷമാണ് ഗള്‍ഫുകാരന്‍ ഇതറിയുന്നത്. രുദ്രക്ഷമാല തിരിച്ചുകൊടുക്കാനായി ഗള്‍ഫുകാരന്‍ ബസ്സിറങ്ങി സ്വാമിയെ അന്വേഷിച്ചു. പക്ഷേ, അയാളെ എങ്ങും കണ്ടില്ല. രുദ്രാക്ഷമാലയുമായി വീട്ടിലെ മുറിയില്‍ കയറി ഏറെ നേരം വാതിലടച്ചു ധ്യാനത്തിലായി. പിന്നെ പ്രവചനമായി, ചില ദൃഷ്ടാന്തങ്ങള്‍ പറയുകയായി. പോകെപ്പോകെ ഗള്‍ഫുകാരന്‍ നാട്ടിലെ അറിയപ്പെടുന്ന സ്വാമിയായി. ഇപ്പോള്‍ നിരവധി ഭക്തരായി, ട്രസ്റ്റായി, ആശ്രമമായി...
No comments:
Post a Comment