Friday, 6 May 2011

സംഗീതത്തിലേക്ക് ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു : എ.ആര്‍ .റഹ്മാന്‍

സംഗീതപ്രതിഭ എ.ആര്‍ .റഹ്മാനെക്കുറിച്ച് ഒരു പാട് പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും റഹ്മാന്റെ ജീവചരിത്രം ഇറങ്ങുന്നത് ഇതാദ്യമായാണ്. മൂവി മഹല്‍ , ഇന്‍ സെര്‍ച്ച് ഓഫ് ഗുരുദത്ത് തുടങ്ങിയ ഡോക്യുമെന്ററികളുടെ സംവിധായകയും ബ്രിട്ടീഷ് ടെലിവിഷന്‍ പ്രൊഡ്യൂസറുമായ നസ്‌റീന്‍ മുന്നി കബീര്‍ റഹ്മാന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത്- എ.ആര്‍.റഹ്മാന്‍ : ദി സ്​പിരിറ്റ് ഓഫ് മ്യൂസിക് എന്നാണ് ജീവചരിത്രത്തിന്റെ പേര്. എഴുത്തുകാരിയും റഹ്മാനും തമ്മിലുള്ള സംഭാഷണരൂപത്തില്‍ തയ്യാറാക്കപ്പെട്ട ഈ പുസ്തകം റഹ്മാന്‍ റഹ്മാനാവുന്നതിന് മുമ്പും പിന്നീടുമുള്ള കാലഘട്ടത്തെ അവതരിപ്പിക്കുന്നു. ഏപ്രില്‍ ആറിന് പുസ്തകം പ്രകാശനം ചെയ്യപ്പട്ടു. എ.ആര്‍.റഹ്മാന്‍ : ദി സ്​പിരിറ്റ് ഓഫ് മ്യൂസികില്‍ നിന്നുള്ള ചില ഭാഗങ്ങളുടെ മലയാള പരിഭാഷ ചുവടെ വായിക്കാം.



നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങളുടെ പിതാവ് ആര്‍.കെ.ശേഖറാണ് നിങ്ങളെ സംഗീതത്തിന്റെ പ്രാഥമികപാഠങ്ങള്‍ അഭ്യസിപ്പിച്ചതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മലയാളസംഗീതരംഗത്തെ അതികായനായാണ് അദ്ദേഹം ഇപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. എങ്ങനെയാണ് അദ്ദേഹം സിനിമാരംഗത്ത് എത്തിപ്പെടുന്നത്?
എ.ആര്‍.റഹ്മാന്‍ : നാടകങ്ങള്‍ക്ക് വേണ്ടി സംഗീതം ചെയ്താണ് അദ്ദേഹം തുടങ്ങുന്നത്. അവിടെ നിന്ന് സിനിമാരംഗത്തെത്തുകയായിരുന്നു. എന്റെ അച്ഛന്‍ നൂറിലധികം സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ഏറെ തിരക്കുള്ളയാളായിരുന്നൂ അക്കാലത്ത്. ദിവസം ഏഴിലധികം സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം റെക്കോര്‍ഡ് ചെയ്യുമായിരുന്നു.

ശരിയാണ്, അദ്ദേഹമാണ് എനിക്ക് സംഗീതത്തിന്റെ പാഠങ്ങള്‍ എന്നിലേക്ക് ആദ്യമുണര്‍ത്തുന്നത്. അതിനെക്കുറിച്ച് അത്ര കൃത്യമായി എനിക്കോര്‍മ്മയില്ല. എനിക്കന്ന് നാല് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.

നസ്‌റീന്‍ മുന്നി കബീര്‍ : എവിടെയാണ് നിങ്ങള്‍ ജനിച്ചത്.
എ.ആര്‍.റഹ്മാന്‍ : ചെന്നൈയിലെ പുതുപേട്ടയിലുള്ള മൗണ്ട് റോഡിലെ ഒരു വാടകവീട്ടിലാണ് എന്റെ കുടുംബം താമസിച്ചിരുന്നത്. അവിടെയാണ് ജനനം. 1967 ജനുവരി 6-ന് രാവിലെ 5.50-ന്. അതൊരു വെള്ളിയാഴ്ചയായിരുന്നു. പ്രസവസമയത്ത് ആയയൊന്നും ഉണ്ടായിരുന്നില്ല. എന്റെ അമ്മൂമ്മയും അച്ഛനും മാത്രമായിരുന്നൂ അമ്മയ്‌ക്കൊപ്പം ആ സമയം.

എന്റെ അച്ഛന്‍ ഏറെ സന്തുഷ്ടനായിരുന്നൂ, കുടുംബത്തിലെ ആദ്യത്തെ ആണ്‍തരി ഞാന്‍ ആയിരുന്നു. അതുകൊണ്ട് അദ്ദേഹം എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു. നിങ്ങള്‍ക്കറിയാം ഇന്ത്യന്‍ കുടുംബങ്ങളില്‍ ഭൂരിപക്ഷവും ആണ്‍കുട്ടി ജനിക്കാണമെന്ന് ആഗ്രഹിക്കുന്നവരാണ്.

നാല് വയസ്സ് വരെ ഉദരസംബന്ധമായ രോഗങ്ങള്‍ കാരണം ഞാന്‍ ഏറെ വിഷമിച്ചിരുന്നു. ഞാന്‍ ഒരു ദുര്‍ബലനായ കുട്ടിയായിരുന്നു.

നസ്‌റീന്‍ മുന്നി കബീര്‍ : നിങ്ങള്‍ എങ്ങനെയുള്ള കുട്ടിയായിരുന്നുവെന്ന് നിങ്ങളുടെ അമ്മ നിങ്ങളോട് പിന്നീട് പറഞ്ഞിട്ടുണ്ടോ?
എ.ആര്‍.റഹ്മാന്‍ : ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായിരുന്നൂ ഞാനെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കള്‍ കുറവായിരുന്നു. എല്ലാ സമയവും വീട്ടില്‍ ഞാന്‍ തനിച്ചിരിക്കുമായിരുന്നു. എനിക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ ഞാന്‍ വാതിലടച്ചിരുന്ന് മണിക്കൂറുകളോളം ഹാര്‍മോണിയം വായിച്ചിരുന്നിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

ഞാന്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷം അച്ഛന്‍ ചെന്നൈയ്ക്കടുത്തായുള്ള ത്യഗരാജനഗറില്‍ ഹബീബുള്ള റോഡില്‍ സ്വന്തമായൊരു വീടെടുത്തു. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഞങ്ങള്‍ അങ്ങോട്ടേക്ക് താമസം മാറി. ഏകദേശം 20 വര്‍ഷത്തോളം ഞങ്ങള്‍ അവിടെ താമസിച്ചു. 1967 തൊട്ട് 1987 വരെ. മുത്തശ്ശിയും മുത്തച്ഛനും ഏറെ സ്‌നേഹത്തോട് കൂടിയാണ് ഞങ്ങളെ വളര്‍ത്തിയത്.

എനിക്ക് മൂന്ന് സഹോദരിമാരാണുള്ളത്. മൂത്തവള്‍ റൈഹാന, അവളും കമ്പോസര്‍ ആണ്. അവളുടെ മകന്‍ പ്രകാശ് ദക്ഷിണേന്ത്യന്‍ സിനിമസംഗീതരംഗത്ത് ഏറെ പ്രശസ്തനാണ്. ഫാത്തിമ, ഇഷ്‌റത്ത് എന്നിവരാണ് മറ്റ് രണ്ട് പേര്‍ . ഞാന്‍ ചെന്നൈയില്‍ തുടങ്ങിയ കെഎം മ്യൂസിക് കണ്‍സെര്‍വേറ്ററി എന്ന സംഗീതസ്‌കൂളിന്റെ ഡയറക്ടറാണ് ഫാത്തിമ. ഇഷ്‌റത്ത് ഗായികയാണ്. അവള്‍ക്ക് സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ ഉണ്ട്. ഒരു ദിവസം എല്ലാവരും ചേര്‍ന്ന് ഒരു സംഗീതആല്‍ബം പുറത്തിറക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കുണ്ട്.

സഹോദരിമാരാണ് അച്ഛന്റെ മരണം സൃഷ്ടിച്ച വലിയ ശൂന്യതയില്‍ നിന്ന് എന്നെ സാന്ത്വനപൂര്‍വ്വം കൈപിടിച്ചുയര്‍ത്തിയത്. ഇപ്പോഴും അവര്‍ എന്നെ ഏറെ സ്‌നേഹിക്കുന്നു. ഞാന്‍ അവരേയും.

No comments:

Post a Comment