Monday, 16 May 2011

ഐസിടി പഠനവിഭവ ഡിവിഡികള്‍ ലഭ്യമാക്കും

സംസ്ഥാനത്ത് ഐസിടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി) അധിഷ്ഠിത പഠനം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഹൈസ്കൂള്‍ അധ്യാപകര്‍ക്കും ഐടി അറ്റ് സ്കൂള്‍ പ്രത്യേക പഠന വിഭവ ഡിവിഡികള്‍ ലഭ്യമാക്കും. ഐടി അറ്റ് സ്കൂള്‍ എഡ്യൂബുണ്ടുവിനും ഐസിടി വിഭവങ്ങള്‍ക്കും പ്രത്യേകം ഡിവിഡികളാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. ഐസിടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊപ്പം മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും അതത് വിഷയങ്ങളിലെ ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധമാണ് പഠന വിഭവ ഡിവിഡികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഐടി അറ്റ് സ്കൂള്‍ എഡ്യൂബുണ്ടു 10.04 ഡിവിഡിയില്‍ ഓപ്പറേറ്റിങ് സിസ്റ്റം, വേര്‍ഡ് പ്രോസസിങ്, സ്പ്രെഡ്ഷീറ്റ്- പ്രസന്റേഷന്‍ - ഡേറ്റാബേസ് ആപ്ലിക്കേഷനുകള്‍ , ഡിടിപി- ഗ്രാഫിക്സ്- ഇമേജിങ് സോഫ്റ്റ്വെയറുകള്‍ , സൗണ്ട് റെക്കോഡിങ്- വീഡിയോ എഡിറ്റിങ്- അനിമേഷന്‍ പാക്കേജുകള്‍ , എഡ്യൂക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ തുടങ്ങി ആവശ്യമുള്ള എല്ലാ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പാക്കേജുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ ലൈസന്‍സ് ഫീ നല്‍കി വാങ്ങുകയാണെങ്കില്‍ ചുരുങ്ങിയത് 30,000 രൂപയെങ്കിലും വിലവരുന്നതിന് സമാനമായ സോഫ്റ്റ്വെയറുകളാണ് ഡിവിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയറുകളുടെയും മൊഡ്യൂളുകളുടെയും ശേഖരണമാണ് രണ്ടാമത്തെ റിസോഴ്സ് ഡിവിഡി. ജിയോജിബ്ര, ഫെറ്റ്, ഒഡാസിറ്റി, ഓപണ്‍ഷോട്ട്, പീരിയോഡിക് ടേബിള്‍ , കാത്സ്യം തുടങ്ങിയവയോടൊപ്പം ഐസിടി പുസ്തകം വിനിമയം ചെയ്യാന്‍ ആവശ്യമായ കൊളാഷ് ചിത്രങ്ങള്‍ , ഓപ്പണ്‍ ഓഫീസ് ടെംപ്ലേറ്റുകള്‍ , വിവിധ ഫോര്‍മാറ്റുകളിലുള്ള ശബ്ദ-ചലച്ചിത്ര ഫയലുകള്‍ , പാഠപുസ്തകങ്ങള്‍ , അധ്യാപകസഹായി, പരിശീലന മൊഡ്യൂള്‍ തുടങ്ങിയവയും ഈ ഡിവിഡിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് അനായാസേന ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഡിവിഡികള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒമ്പതാംക്ലാസിലെ ഐസിടി പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് പരിശീലനസമയത്തുതന്നെ ഡിവിഡികള്‍ സൗജന്യമായി നല്‍കും. 2670 ഹൈസ്കൂളുകളില്‍നിന്ന് 31740 അധ്യാപകര്‍ ഇതിനകം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ 260 പരിശീലനകേന്ദ്രങ്ങളിലായി 6800 അധ്യാപകര്‍ പരിശീലനം പൂര്‍ത്തിയാക്കി. സൗണ്ട് റെക്കോഡിങ്, വീഡിയോ എഡിറ്റിങ്, അനിമേഷന്‍ തുടങ്ങിയ സങ്കീര്‍ണമെന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് ലളിതമായി പരിശീലിക്കാന്‍ കഴിയുന്ന രൂപത്തില്‍ തയ്യാറാക്കിയതാണ് ഒമ്പതാംക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം. ഐടി അറ്റ് സ്കൂള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലൈസന്‍സിലാണ് ഡിവിഡികള്‍ റിലീസ് ചെയ്യുന്നത്.

No comments:

Post a Comment