Sunday, 8 May 2011

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കണ്ണൂര്‍ ജില്ലയിലും

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദയനീയമുഖങ്ങള്‍ കണ്ണൂര്‍ ജില്ലയിലും! വര്‍ഷങ്ങളോളം എന്‍ഡോസള്‍ഫാന്‍ തളിച്ച ചീമേനി പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലുള്ള കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളിലാണ് ദുരിതബാധിതരുള്ളത്. അധികമാരും ശ്രദ്ധിക്കാതെ ജീവിക്കുന്ന ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ബയോമെട്രിക് കാര്‍ഡുള്‍പ്പെടെയുള്ളവ ലഭിച്ചിട്ടില്ല. കിലോമീറ്ററുകള്‍ താണ്ടിയാണ് കാസര്‍കോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ഫോട്ടോ എടുപ്പിനും മറ്റുമായി ഇവര്‍ എത്തിയത്. എന്‍ഡോസള്‍ഫാന്‍ ക്യാമ്പുകളില്‍ പോലും പങ്കെടുക്കാത്ത ദുരിതബാധിതരും കണ്ണൂര്‍ ജില്ലയിലുണ്ട്.

സൂര്യപ്രകാശത്തിന് നേരെ നോക്കാനാകാതെ കാഴ്ചയും ശരീരമാസകലം വ്രണങ്ങളോടുകൂടിയ കറുത്ത കുരുക്കളുമായി ജീവിക്കുന്ന ഗോകുല്‍രാജെന്ന(13) വിദ്യാര്‍ഥിയാണ് ഒരു ഇര.

കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ കോലാച്ചിക്കുണ്ടിലെ കണ്ണങ്കോട്ട് കമലാക്ഷിയുടെ മകനാണ് ഗോകുല്‍രാജ്. 'സീറോഡര്‍മ'യെന്ന്‌ഡോക്ടര്‍മാര്‍ പേരിട്ട ഈ രോഗത്തിന് ചികിത്സ നല്‍കാന്‍ ലക്ഷങ്ങളാണ് ചെലവ്. ഗോകുല്‍രാജിന്റെ അച്ഛന്‍ രാജന്‍ മുമ്പേ മരിച്ചുപോയി. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്.

ശരീരമാസകലം കറുത്ത കുത്തും വ്രണവുമായി ദുരിതജീവിതം നയിക്കുന്ന ഗോകുല്‍രാജ് പഠിക്കാന്‍ മിടുക്കനാണ്. അരവന്‍ചാല്‍ സ്‌കൂളില്‍ നിന്ന് ഏഴാം ക്ലാസ് പാസായി. സൂര്യപ്രകാശത്തിന് നേരെ നോക്കാനാവില്ല. ജലദോഷം വന്നാല്‍ കണ്ണ് കാണില്ല. അതുകൊണ്ട് അമ്മയ്ക്ക് മകനെ ദൂരെയുള്ള സ്‌കൂളില്‍ വിടാന്‍ മടിയാണ്. ഇവര്‍ക്ക് സ്വന്തമായി വിടില്ല. തറവാട്ടുവീട്ടിലാണ് താമസം. ചീമേനിയില്‍ എന്‍ഡോസള്‍ഫാന്‍ ഫോട്ടോ എടുപ്പിന് പോയിരുന്നെങ്കിലും കാര്‍ഡ് കിട്ടിയില്ലെന്ന് അമ്മ കമലാക്ഷി പറഞ്ഞു.

മകളൊന്ന് എഴുന്നേറ്റ് നടന്നുകാണാന്‍ കൊതിക്കുന്ന കരിയാപ്പിലെ പുഷ്പകുമാറിന്റെയും ജയന്തിയുടെയും മകള്‍ 16 കാരിയായ സ്മിഷ എന്‍ഡോസള്‍ഫാന്റെ മറ്റൊരു ഇരയാണ്. പിറന്ന ശേഷം കാലുകള്‍ രണ്ടും പിണഞ്ഞുപോയ അവസ്ഥയിലായിരുന്നു സ്മിഷ. പിന്നീടത് ഓപ്പറേഷന്‍ ചെയ്തുമാറ്റി. പക്ഷെ നടന്നില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതുകൊണ്ടാണ് ബുദ്ധിമാന്ദ്യമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരും വിധി എഴുതി.

കണ്ണിന് കാഴ്ചയും കുറവാണ്. മൂന്നാം ക്ലാസ് വരെ ഏറ്റുകുടുക്ക സ്‌കൂളില്‍ കൊണ്ടുപോയിരുന്നു. എടുത്താണ് ബെഞ്ചിലിരുത്തുക എന്ന് അമ്മ ജയന്തി പറഞ്ഞു. വര്‍ഷങ്ങളോളം ഫിസിയോതെറാപ്പി ചെയ്തു. ഫലം കണ്ടില്ല. കൂലിപ്പണിയെടുത്താണ് ഇവര്‍ കുടുംബം പോറ്റുന്നത്. ഇവരുടെ ഇളയമകള്‍ ജിഷ്ണു ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ചീമേനിയില്‍ കാര്‍ഡിന് വേണ്ടി ഫോട്ടോ എടുത്തെങ്കിലും ബയോമെട്രിക് കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ലഭിച്ചിട്ടില്ലെന്ന് ജയന്തി പറഞ്ഞു.

കരിയാപ്പിലെ ജെയിംസിന്റെയും ആലീസിന്റെയും മകന്‍ അജിത് തന്റെ വയ്യായ്മകളെ പിന്നിലാക്കി പഠിക്കുന്ന കൊച്ചു മിടുക്കനാണ്. പോത്താംകണ്ടത്തെ സാജിദയെന്ന പെണ്‍കുട്ടിക്ക് ബുദ്ധിമാന്ദ്യമുണ്ട്, വളര്‍ച്ചയുമില്ല. കുബോളിലെ ശോഭനയുടെ മകള്‍ അമൃത, വട്ടക്കൊവ്വലിലെ വിഷ്ണു, ഏറ്റുകുടുക്കയിലെ വൈശാഖ്, ഇപ്പോള്‍ പുളിങ്ങോം കരീക്കരയില്‍ താമസിക്കുന്ന മോഹനന്റെയും വിജയലക്ഷ്മിയുടെയും മകള്‍ 14 കാരിയായ മിനിഷ, കരക്കാട്ടെ അജിത്, സുനീഷ്, തുറവിലെ നാരായണന്റെ ഭാര്യ രാധാമണി, വെളിച്ചംതോട്ടെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ ദുരിതമുഖങ്ങളാണ്. പ്രത്യക്ഷത്തില്‍ വരാത്തവര്‍ ഇതിനേക്കാള്‍ ഏറെയാണ്.

No comments:

Post a Comment